February 3, 2026

ദേശീയ വിരമുക്ത ദിനം നാളെ (ഫെബ്രുവരി 8) വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ വഴി വിര നശീകരണത്തിനായി ഗുളിക നൽകുന്നു.

Share this News

ദേശീയ വിരമുക്ത ദിനമായ ഫെബ്രുവരി 8 ന് ഒന്ന് മുതല്‍ 19 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ വഴി വിര നശീകരണത്തിനായി ഗുളിക നൽകുന്നു.ഫെബ്രുവരി 8ന് ഗുളിക ലഭിക്കാത്ത കുട്ടികൾക്ക് ഫെബ്രുവരി 15ന് ഗുളിക നൽകും.
വിരബാധ കുട്ടികളുടെ വളർച്ചയെയും പൊതുവായുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകാഗീരണകുറവിനും വിരബാധ കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ഒന്നു മുതൽ 14 വയസ്സുവരെയുള്ള 64 ശതമാനം കുട്ടികൾക്ക് വിര ബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2015 മുതൽ ദേശീയ വിരവിമുക്ത ദിനം ആചരിക്കുകയും വർഷത്തിൽ ആറുമാസത്തെ ഇടവേളകളിലായി രണ്ടുപ്രാവശ്യം വിദ്യാലയങ്ങളും അങ്കനവാടികളും വഴി കുട്ടികൾക്ക് വിരനശീകരണത്തിനായി ആൽബന്റസോൾ ഗുളിക നൽകി വരികയും ചെയ്യുന്നു.
വിരബാധ കുട്ടികളിൽ വിളർച്ച, ഉത്സാഹക്കുറവ് തൂക്കക്കുറവ്, വയറുവേദന, പോഷകാഹാരക്കുറവ്, ഭാരക്കുറവ്, വയറിളക്കം തുടങ്ങിയവ ഉണ്ടാക്കുന്നു.
സർക്കാർ/ എയ്‌ഡഡ്/സ്വകാര്യ സ്കൂളുകളിൽ ഗുളിക വിതരണം നടക്കുന്നുണ്ട് . ഈ കാലയളവിൽ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഗുളിക ലഭിച്ചിട്ടില്ലെങ്കിൽ ഗുളിക നൽകുന്നതാണ്. ഒന്നു മുതൽ രണ്ടു വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് 200 മില്ലിഗ്രാം ആൽബൻ്റസോൾ ഗുളികയും രണ്ടു മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് 400 മില്ലിഗ്രാം ഗുളികയും ആണ് നൽകുന്നത് .ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഗുളിക അലിയിച്ച് കൊടുക്കേണ്ടതാണ് . മുതിർന്ന കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും വേണം. അസുഖമുള്ള കുട്ടികൾക്ക് ഗുളിക നൽകേണ്ടതില്ല. അസുഖം മാറിയതിനു ശേഷം ഗുളിക നൽകാവുന്നതാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!