വന്യജീവി ആക്രമണം നേരിട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് മുൻ ഒല്ലൂർ എംഎൽഎ എംപി വിൻസെന്റിന്റെയും കർഷക കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിൽ പീച്ചി വൈൽഡ് ലൈഫ് വാർഡൻ പ്രഭുവിന് നിവേദനം നൽകി. കഴിഞ്ഞ ആഴ്ച താമര വെള്ളച്ചാൽ ആദിവാസി കോളനിയിലെ പുലി പിടിച്ചുകൊണ്ടുപോയ ആടുകളുടെ ഉടമ ഐച്ചൂട്ടിൽ ഗോപാലൻ, ആനയുടെ ആക്രമണത്തിൽ കൈ എല്ലിന് പരിക്കേറ്റ വനം വാച്ചർ കൂടിയായ പാറപ്പുറത്ത് കുടിയിൽ വിഷ്ണു, കൃഷി നശിപ്പിക്കപ്പെട്ട കർഷകർ എന്നിവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് നിവേദനം നൽകിയിട്ടുള്ളത്. മുൻ എംഎൽഎ എംപി വിൻസെന്റിന്റെ സാന്നിധ്യത്തിൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പൗലോസ് കറുത്തേടത്ത് നിവേദനം കൈമാറി. ഉചിതമായ നടപടികൾ ഉണ്ടാകണമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ മൃഗങ്ങൾക്കു നൽകുന്ന പരിഗണന മനുഷ്യർക്കും നൽകണമെന്നും എം പി വിൻസന്റ് ആവശ്യപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ.എൻ വിജയകുമാർ, നേതാക്കളായ കെ സി അഭിലാഷ്, ലീലാമ്മ തോമസ്,കെ പി ചാക്കോച്ചൻ, ബാബു തോമസ്, കെ പി എൽദോസ്, ശകുന്തള ഉണ്ണികൃഷ്ണൻ, സജിതാന്നിക്കൽ, റെജി പാണൻകുടി, ബ്ലെസ്സൻ വർഗീസ് എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം ഇതേ വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിനു മുന്നിൽ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചിരുന്നു.