
ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യത്തിലെത്തി. ദൗത്യത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിനന്ദിച്ചു. മഹത്തായ വിജയത്തിന് ശാസ്ത്രഞ്ജരെ അഭിനന്ദിച്ച രാഷ്ട്രപതി ദൗത്യം മനുഷ്യരാശിക്ക് ഗുണകരമാകുമെന്നും നിർണായക ദൗത്യങ്ങളിലെ സ്ത്രീ പങ്കാളിത്തം സ്ത്രീ ശാക്തീകരണത്തെ പുതിയ ഉയരങ്ങളിലെത്തിച്ചെന്നും ദ്രൗപദി മുർമു അഭിനന്ദിച്ചു. ആദിത്യ എൽവൺ ലക്ഷ്യത്തിലെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ അറിയിച്ചത് . ഏറ്റവും സങ്കീർണ്ണവുമായ ബഹിരാകാശ ദൗത്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തിന്റെ തെളിവാണിതെന്ന് ദൗത്യ വിജയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഈ അസാധാരണ നേട്ടത്തെ അഭിനന്ദിക്കുന്നതിൽ ഞാൻ രാജ്യത്തോടൊപ്പം ചേരുന്നു. മനുഷ്യരാശിയുടെ പ്രയോജനത്തിനായി ഞങ്ങൾ ശാസ്ത്രത്തിന്റെ പുതിയ അതിർത്തികൾ പിന്തുടരുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.നാല് മണിയോടെയാണ് ആദിത്യ എൽ1 ഒന്നാം ലഗ്രാഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിച്ചത്. ബെംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്‍വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിർദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദൗത്യം വിജയിച്ചതോടെ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയെന്ന അതുല്യ നേട്ടത്തിലും ഐഎസ്ആര്‍ഒ എത്തി
ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ് (VELC) ആണ് ഒന്നാമത്തേത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് ഇത് നിർമ്മിച്ചത്. പുണെയിലെ ഇന്‍റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ് വികസിപ്പിച്ച സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് (SUIT) ആണ് രണ്ടാമത്തെ ഉപകരണം. സൂര്യനിൽ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാർ ലോ എൻർജി എക്സ് റേ സ്പെക്ട്രോ മീറ്റർ (SoLEXS), ഹൈ എനർജി എൽ വൺ ഓർബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റർ (HEL1OS) എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകൾ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


