January 29, 2026

മയിലാട്ടുംപാറ പീച്ചി അംബേദ്കർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു

Share this News

2026 നകം ഒല്ലൂർ മണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും ബി എം- ബി സി നിലവാരത്തിൽ ആക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മയിലാട്ടുംപാറ പീച്ചി അംബേദ്കർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പട്ടിലംകുഴി പാലം, അംബേദ്കർ പാലം എന്നിവയെ ബന്ധിപ്പിക്കുന്ന ഒരപ്പൻകെട്ട് -പൈപ്പ് ലൈൻ റോഡ് നിർമ്മാണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. പീച്ചിയുടെ സമഗ്ര വികസനത്തിനാണ് മുൻതൂക്കം നൽകുന്നത്. വിലങ്ങന്നൂരിൽ ഐ ടി ഐ നിർമ്മാണം ഉടൻ പൂർത്തിയാക്കി ഈ അധ്യയനവർഷം തന്നെ പ്രവർത്തനമാരംഭിക്കും. അഞ്ചു കോടി രൂപയുടെ ടൂറിസം വികസനം പീച്ചിയിൽ സാധ്യമാക്കും. 1.80 കോടി വിനിയോഗിച്ചുള്ള മഞ്ഞകുന്ന് ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തി പൂർത്തിയാകുന്നതോടെ കാർഷിക മേഖലയിലും വലിയ രീതിയിലുള്ള മാറ്റം ഉണ്ടാകും. പീച്ചിയുടെ പഴയകാല പ്രതാപം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള രണ്ടുകോടി രൂപയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 54 ലക്ഷം രൂപയും ചേർത്ത് 2.54 കോടി ചെലവഴിച്ചാണ് അംബേദ്കർ പാലവും അപ്പ്രോച്ച് റോഡും സാധ്യമാക്കിയത്.

പാലത്തിനും റോഡിനുമായി സൗജന്യമായി ഭൂമി വിട്ട് നൽകിയ ജോസ് തുറവേലിൽ, സണ്ണി കരിപ്പാകുടിയിൽ, അജി നെടിയ പാലക്കൽ, നിഷാന കല്ലൂറയ്ക്കൽ, സന്തോഷ് കുമാർ ചൂരക്കാട്ടിൽ, ബി 20 ബാഡ്മിന്റൺ, ജലനിധി മയിലാട്ടുംപാറ എന്നിവരെ മന്ത്രി ആദരിച്ചു.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ അധ്യക്ഷനായി. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ, പാണഞ്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത്‌ അംഗം കെ. വി സജു, സ്ഥിരം സമിതി അംഗങ്ങളായ കെ വി അനിത, സുബൈദ അബൂബക്കർ, വാർഡ് വികസന സമിതി കൺവീനർ എം പി സാബു, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!