
സ്കൂളുകളിൽ നിന്നും മാത്രമല്ല, വീട്ടിൽ നിന്നും റോഡ് സുരക്ഷയെപറ്റിയുള്ള അറിവുകൾ കുട്ടികൾക്ക് നൽകേണ്ടത് അത്യാവശ്യമാണ്. അതിനാൽ കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും ഇക്കാര്യത്തിൽ ബോധവാൻമാരാകേണ്ടതുണ്ട്.
റോഡ് മുറിച്ച് കടക്കുമ്പോഴും, റോഡിന് അരികിലൂടെ നടക്കുമ്പോഴും കുട്ടികളുടെ കൈകൾ മുറുകെ പിടിക്കേണ്ടതുണ്ട്. എങ്ങിനെയാണ് റോഡ് മുറിച്ച് കടക്കേണ്ടതെന്ന് കുട്ടികൾക്ക് സാവധാനം വിശദീകരിച്ച് കൊടുക്കുക. റോഡിലെ ചിഹ്നങ്ങൾ, വരകൾ, സിഗ്നലുകൾ എന്നിവയെ കുറിച്ചും പറഞ്ഞുകൊടുക്കേണ്ടത് അത്യാവശ്യമാണ്.
റോഡ് മുറിച്ചു കടക്കുന്നതിന് ആദ്യമായി സുരക്ഷിതമായ സ്ഥലം കണ്ടെത്തി റോഡിനരികിൽ നിൽക്കുക, ആദ്യം വലതുവശത്ത് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക അതിനുശേഷം ഇടതുവശത്ത് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക വീണ്ടും വലതുവശത്ത് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തിമാത്രം റോഡ് ക്രോസ്സ് ചെയ്യുക. പാർക്കു ചെയ്തിരിക്കുന്ന വാഹനത്തിനു പുറകിലൂടെയോ മുൻവശത്തുകൂടെയോ റോഡ് മുറിച്ച് കടക്കരുത്. വളരെ വേഗതയിൽ അകലെ നിന്നും വരുന്ന വാഹനം അടുത്ത് എത്തുമ്പോഴേക്കും വേഗത്തിൽ റോഡ് മുറിച്ചുകടക്കാമെന്ന മിഥ്യാബോധത്തിൽ ഓടികടക്കുന്നതും അപകടം വിളിച്ചുവരുത്തന്നതാണ്.
സ്കൂളുകളിലേക്ക് പ്രൈവറ്റ് വാഹനങ്ങളേയും ആശ്രയിക്കാറുണ്ട്. ഇത്തരം സന്ദർഭത്തിൽ സ്വന്തം കുഞ്ഞ് കയറുന്ന വാഹനത്തിൻെറ സുരക്ഷയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഡ്രൈവർ ആരാണെന്നും എത്രകുട്ടികളെ വാഹനത്തിൽ കയറ്റുന്നുണ്ടെന്നും ചോദിച്ചറിഞ്ഞിരിക്കണം. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ഡ്രൈവർ മൊബൈൽ ഉപയോഗിക്കുന്നുണ്ടോ എന്ന് മക്കളോട് ചോദിച്ച് മനസ്സിലാക്കണം. മാത്രമല്ല ഡ്രൈവർ മദ്യപിച്ചതായി കാണപെടുക, കുട്ടികളെ കുത്തിനിറച്ച് വഹനങ്ങളിൽ കയറ്റികൊണ്ടുപോവുക, എന്നിവ ശ്രദ്ധയിൽപെട്ടാൽ പോലീസിനെ അറിയിക്കേണ്ടതാണ്. കുട്ടികളെ സ്കൂളുകളിൽ എത്തിച്ച ശേഷം വാഹനം സ്കൂളിന് സമീപത്തെ റോഡരികിൽ പാർക്കുചെയ്യാൻ പാടില്ല എന്നകാര്യം ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടതാണ്.
റോഡ്അരികിലൂടെ നടന്ന് പോകുന്ന കുട്ടികൾ വളരെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനെ കുറിച്ചും, റോഡിനു ഇരുവശങ്ങളും കളികൾക്കുള്ള സ്ഥലമല്ല എന്നതും കുട്ടികൾ മനസ്സിലാക്കിയിരിക്കേണ്ടതാണ്. ഡ്രൈവർക്ക് വാഹനം ചേർത്തു നിറുത്തുന്നതിനായി റോഡിൽ നിന്നും അല്പം പിറകോട്ടുമാറി മാത്രം നിൽക്കുക. വാഹനം പൂർണ്ണമായും നിറുത്തിയതിനു ശേഷം മാത്രമേ കയറാനും ഇറങ്ങാനും പാടൂ. വാഹത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ക്യൂ പാലിക്കാനും കയ്യും തലയും പുറത്തിടാതെ യാത്രചെയ്യാനും അവരെ ഓർമ്മിപ്പിക്കേണ്ടതുണ്ട്.
ഒരല്പം അശ്രദ്ധ ജീവിതകാലം മുഴുവൻ കണ്ണീരിലാഴ്ത്തും എന്ന വസ്തുത മറക്കാതിരിക്കുക. ഡ്രൈവർമാരിൽനിന്നുള്ള പെരുമാറ്റത്തിലോ മറ്റു അപകടകരമായ എന്തെങ്കിലും പ്രവൃത്തികളോ ശ്രദ്ധയിൽപെട്ടാൽ അദ്ധ്യാപകരിലൂടെയോ, നേരിട്ടോ പോലീസിനെ അറിയിക്കേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ പോലീസ് ഹെൽപ്പ് ലൈൻ നമ്പരായ 112 എന്ന നമ്പരിലേക്ക് വിളിക്കുക. വിദ്യാലയത്തിലേക്കുള്ള ഓരോ യാത്രയും സുരക്ഷിതമായിരിക്കട്ടെ.
ഫോട്ടോ എടുത്തത് – ശ്രീജിത്ത് ഡി. സബ് ഇൻസ്പെക്ടർ കുന്നംകുളം പോലീസ് സ്റ്റേഷൻ.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link Click ചെയ്യുക
https://chat.whatsapp.com/ERrDoqWKzDbAkj3LA5iyFV

