ഹരിത കർമ്മ സേനയ്ക്ക് ഇ- ഓട്ടോ ലഭിക്കുന്ന ഒല്ലൂക്കര ബ്ലോക്കിലെ രണ്ടാമത്തെ പഞ്ചായത്താണ് മാടക്കത്തറ.സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്ക് സ്വന്തമായി വാഹനം ലഭിക്കുന്നത് പാണഞ്ചേരി ഗ്രാമപഞ്ചായത്തിനാണ്.കള്ളായിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ കളക്ഷൻ സെന്ററിൽ വീടുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പാഴ്‌വസ്തുക്കളായ പ്ലാസ്റ്റിക്, തുണി, കുപ്പി, മുതലായവ എം.സി.എഫുകളിൽ എത്തിക്കുകയും അവിടെ വെച്ച് പുനർചംക്രമണത്തിന് വിധേയമാകുന്ന തരത്തിൽ തരം തിരിക്കുകയും, അല്ലാത്തവ റോഡ് ടാറിങ്ങിനും മറ്റുമായി ഉപയോഗിക്കുന്നു. പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള ആദ്യപടി വീടുകളിൽ നിന്ന് ആരംഭിക്കുകയാണെന്ന് പ്രസിഡന്റ് സണ്ണി ചെന്നിക്കര പറഞ്ഞു.
പഞ്ചായത്തിനെ ഹരിതാഭമാക്കുന്നതിനായി
2020-21 വർഷത്തിൽ തയ്യാറാക്കിയ ക്ലീൻ മാടക്കത്തറ പദ്ധതിയുടെ ഭാഗമായാണ് ഇ-ഓട്ടോ.കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടും സ്വച്ഛ് ഭാരത് മിഷൻ ഫണ്ടും ഉപയോഗിച്ച് ഏകദേശം 4,16,000 രൂപ വകയിരുത്തിയാണ് ഇ-ഓട്ടോ സ്വന്തമാക്കിയത്. ഇതിന് പുറമെ മാലിന്യ ശേഖരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി എം രാജേശ്വരി ആണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥ. 32 ഹരിതകർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നത്.