പതിനായിരം പേര്‍ അണിനിരക്കുന്ന മെഗാതിരവാതിര പുതിയ ലോക റെക്കോര്‍ഡിടും; മന്ത്രി കെ രാജന്‍
ഇത്തവണത്തെ ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി പതിനായിരം പേര്‍ അണിനിരക്കുന്ന മെഗാ തിരുവാതിര ഉള്‍പ്പെടെ മികച്ചതും വൈവിധ്യമാര്‍ന്നതുമായ നൃത്ത, കലാ, സംഗീത, സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. ഓഗസ്റ്റ് 28ന് ആരംഭിച്ച് സെപ്റ്റംബര്‍ ഒന്നിന് ആകര്‍ഷകമായ പുലിക്കളിയോടെ സമാപിക്കുന്ന വിധത്തിലാണ് ജില്ലാതല ഓണാഘോഷ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ പതിനായിരം പേരെ പങ്കെടുപ്പിച്ച് നടത്തുന്ന മെഗാ തിരുവാതിരയോടെ പൂരപ്പെരുമയില്‍ പ്രസിദ്ധമായ തൃശൂരിന്റെ പേരില്‍ മറ്റൊരു ലോക റെക്കോര്‍ഡ് കൂടി കുറിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലേക്ക് കൂടുതല്‍ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 30ന് വൈകിട്ട് നാലു മണിക്ക് കുട്ടനെല്ലൂര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ വച്ച് മെഗാ തിരുവാതിര സംഘടിപ്പിക്കാനാണ് നിലവില്‍ ആലോചനയെന്നും മന്ത്രി അറിയിച്ചു. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ പ്രതിനിധികള്‍ തിരുവാതിര വീക്ഷിക്കാന്‍ എത്തിച്ചേരും. ഇതിനു പുറമെ, തേക്കിന്‍കാട് മൈതാനിയില്‍ കോര്‍പറേഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 2500 പേര്‍ അണിനിരക്കുന്ന തിരുവാതിരയും അരങ്ങേറും.
ഇത്തവണത്തെ പുലിക്കളി മല്‍സരത്തില്‍ അഞ്ച് സംഘങ്ങള്‍ പങ്കെടുക്കും. ഓരോ സംഘത്തിനും സംസ്ഥാന സര്‍ക്കാരും തൃശൂര്‍ കോര്‍പറേഷനും സൗത്ത്‌സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് നാലു ലക്ഷം രൂപ വീതം ലഭ്യമാക്കും. പുലിക്കളി സംഘങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും അവര്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു.
ഓണാഘോഷം വര്‍ണാഭമാക്കുന്നതിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് ഇതിനകം നടത്തിയതെന്നും മന്ത്രി പറഞ്ഞു. പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനവും നഗര വീഥികളും വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കും. ജില്ലാതല ഓണാഘോഷത്തിനു പുറമെ, കലശമല, പീച്ചി, ചാവക്കാട്, വാഴാനി, തുമ്പൂര്‍മൂഴി, സ്‌നേഹതീരം ബീച്ച് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും വിപുലമായ ഓണാഘോഷ പരിപാടികള്‍ നടത്തുന്നുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ വള്ളംകളികളും നടക്കും. സംസ്ഥാന ടൂറിസം വകുപ്പും ഡിടിപിസിയും ജില്ലാഭരണകൂടവും തൃശൂര്‍ കോര്‍പറേഷനും ചേര്‍ന്നാണ് ജില്ലാതല ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 40 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ഓഗസ്റ്റ് 28ന് വൈകിട്ട് നാലുമണിക്ക് തേക്കിന്‍കാട് മൈതാനത്ത് സിഎംഎസ് സ്‌കൂളിന് എതിര്‍വശത്തെ വേദിയില്‍ നടക്കുന്ന പഞ്ചവാദ്യത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു, മേയര്‍ എം കെ വര്‍ഗീസ്, ടി എന്‍ പ്രതാപന്‍ എംപി, പി ബാലചന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് കലാമണ്ഡലം സംഘം അവതരിപ്പിക്കുന്ന നൃത്ത സംഗീത ശില്‍പം, കാരവന്‍ ബാന്റിന്റെ സംഗീത സന്ധ്യ എന്നിവ അരങ്ങേറും.
ഓഗസ്റ്റ് 29ന് വൈകിട്ട് അഞ്ച് മുതല്‍ കളരിപ്പയറ്റ്, ബാംബൂ മ്യൂസിക് ഷോ, ആശാ ശരത്തിന്റെ ഡാന്‍സ് ഷോ, 30ന് വൈകിട്ട് നാലു മണി മുതല്‍ മെഗാ തിരുവാതിര, പിന്നണി ഗായകന്‍ അക്ബര്‍ ഖാന്റെ മെഗാ ഷോ ആന്റ് മ്യൂസിക്കല്‍ പ്രോഗ്രാം, സതീഷ് കലാഭവന്റെ കോമഡി ആന്റ് സിനിമാറ്റിക് ഡാന്‍സ്, സിനിമാ താരം ടിനി ടോം നയിക്കുന്ന കോമഡി ആന്റ് സ്‌പെഷ്യല്‍ ആക്ട് ഷോ, 31ന് വൈകിട്ട് അഞ്ച് മുതല്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ കലാപരിപാടി, തൃശൂര്‍ പത്മനാഭന്‍ നയിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനമേള, രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ മ്യൂസിക് എന്നിവയും നടക്കും.
സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് നാലിന് പുലിക്കളി മല്‍സരം നടക്കും. 5.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രിമാര്‍, മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് തൃശൂര്‍ കലാസദന്‍ ഒരുക്കുന്ന മ്യൂസിക് നൈറ്റോടെ ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയത്തിനു കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ പുലിക്കളി സംഘങ്ങള്‍ക്ക് നല്‍കുന്ന ഒരു ലക്ഷം വീതം സഹായ ധനത്തിനുള്ള ഓഫര്‍ ലെറ്റര്‍ സെന്റര്‍ ഡയരക്ടര്‍ കെ കെ ഗോപാലകൃഷ്ണന്‍ ജില്ലാ കലക്ടര്‍ക്കു കൈമാറി. ഓരോ സംഘത്തിന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറും. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സഹായധനം ലഭ്യമാക്കുമെന്ന് ഡയരക്ടര്‍ അറിയിച്ചു.
രാമനിലയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍, മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, സിറ്റി പോലിസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയരക്ടര്‍ കെ കെ ഗോപാലകൃഷ്ണന്‍, ഡിടിപിസി സെക്രട്ടറി ജോബി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.