സംസ്ഥാന സ്കൂൾ കായിക മേള; തിയതി പ്രഖ്യാപനം ഈയാഴ്ച
കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് എച്ച് എസ് എസ് സീനിയര്‍ ഗ്രൗണ്ട് വേദിയാകുന്ന ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായിക മേളയുടെ തിയതി ഈയാഴ്ച പ്രഖ്യാപിക്കും. ഒക്ടോബര്‍ മാസത്തിലാണ് കായികമേള.
കായിക മേളയുടെ നടത്തിപ്പ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ടെക്നിക്കൽ കമ്മിറ്റി കുന്നംകുളം നഗരസഭയിലെത്തി ചെയർപേഴ്സൺ സീത രവീന്ദ്രനുമായി ചർച്ച നടത്തി.
3000ത്തിലേറെ കായിക താരങ്ങളും ഇതിനു പുറമേ പരിശീലകരും ഒഫീഷ്യലുകളും മറ്റുമായി 5000ത്തിലേറെ പേര്‍ എല്ലാ ദിവസവും മത്സരങ്ങളുടെ ഭാഗമാകും. കായികമേളയ്ക്ക് ആവശ്യമായ എല്ലാ സഹകരണവും നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. ഹരിത ചട്ടം പാലിച്ച് നടത്തുന്ന കായിക മേള മികച്ച താമസം, കുടിവെള്ള ലഭ്യത, ആശുപത്രി സൗകര്യം എന്നിവ ഉറപ്പു വരുത്തും.
മേളക്കു മുന്നോടിയായി മത്സരവേദിയും പരിസരവും വൃത്തിയാക്കി നല്‍കും. നഗരസഭ ടൗൺഹാളിൽ ഭക്ഷണ വിതരണ സൗകര്യങ്ങള്‍ ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കും. വൈകീട്ട് നാല് മുതൽ എട്ട് വരെ മത്സരങ്ങൾ നടത്തുന്നതിന് സിന്തറ്റിക്ക് ട്രാക്കിൽ താത്കാലിക ഫ്ലഡ്ലൈറ്റ് സംവിധാനമൊരുക്കും. തിയതി പ്രഖ്യാപനത്തിനു ശേഷം വിപുലമായ സംഘാടക സമിതി രൂപീകരിച്ചു കൂടുതൽ തീരുമാനം കൈക്കൊള്ളുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.
യോഗത്തിൽ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം കെ ഷൈൻ മോൻ, സംസ്ഥാന സ്പോർട്സ് കോര്‍ഡിനേറ്റർ എൽ ഹരീഷ് ശങ്കർ, നഗരസഭ സെക്രട്ടറി വി എസ് സന്ദീപ് കുമാര്‍, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ എസ് പി പിള്ള, യു ഹരിദാസ്, കൗണ്‍സിലര്‍ ബിജു സി ബേബി, അധ്യാപകരായ എം കെ സോമന്‍, പി ഐ റസിയ, ശ്രീനിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.