November 22, 2024

കോഴിക്കുഞ്ഞിൻ്റെ കുഞ്ഞുടമകളായി വിദ്യാർത്ഥികൾ

Share this News
കോഴിക്കുഞ്ഞിൻ്റെ കുഞ്ഞുടമകളായി വിദ്യാർത്ഥികൾ

പഠനത്തോടൊപ്പം കോഴിക്കുഞ്ഞുങ്ങളുടെ ഉടമകൾ കൂടിയായി മാറുകയാണ് പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് “കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് ” എന്ന പദ്ധതി വഴി സൗജന്യമായി അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങൾ, ഒരു കിലോ തീറ്റ, മരുന്ന് എന്നിവ നൽകിയത്.

പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് നടപ്പാക്കുന്ന “കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് ” പദ്ധതിയുടെ ഒല്ലൂർ നിയോജക മണ്ഡല തല വിതരണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. പുതുതലമുറയ്ക്ക് ജീവജാലങ്ങളെ പരിപാലിക്കുന്നതിനുള്ള പരിശീലനം നൽകുന്നതോടൊപ്പം ഇവയെല്ലാം അടങ്ങുന്നതാണ് പ്രകൃതി എന്ന പാഠം പകരുകയും ചെയ്യും ഈ പദ്ധതി എന്ന് മന്ത്രി പറഞ്ഞു. നാടിന്റെ മാറ്റത്തിൽ പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും സ്കൂളിൽ നിന്നാരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഇതിന് മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുട്ടികളിൽ കോഴിവളർത്തലിന് താൽപര്യം വർദ്ധിപ്പിച്ച് അവരിൽ സ്വാശ്രയ ശീലവും സമ്പാദ്യശീലവും വളർത്തുക, കോഴിമുട്ട ഉൽപാദനത്തിലൂടെ ഭക്ഷണത്തിൽ കുട്ടികൾക്ക് ആവശ്യമായ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കുക, അർപ്പണബോധവും ആരോഗ്യവുമുള്ള സമൂഹത്തെ വാർത്തെടുക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

പട്ടിക്കാട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന
ചടങ്ങിൽ കെ എസ് പി ഡി സി ചെയർമാൻ പി കെ മൂർത്തി അധ്യക്ഷനായി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കെ എസ് പി ഡി സി മാനേജിംഗ് ഡയറക്ടർ ഡോ പി സെൽവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ ആനി ജോയ്, പി.ടി.എ പ്രസിഡന്റ് ജെയ്സൺ സാമുവൽ, എസ് എസ് ജി കൺവീനർ പി വി സുദേവൻ, എസ് എം സി ചെയർമാൻ സി സി രാജു, എം പി ടി എ പ്രസിഡന്റ് സുനിത, പ്രിൻസിപ്പാൾ കെ എം ഏലിയാസ്, ഹെഡ്മിസ്ട്രസ് വി കെ ഷൈലജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!