വികസന അവലോകനയോഗം ചേർന്നു
പുതുക്കാട് നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവർത്തികളുടെ അവലോകനയോഗം കെ.കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു.
കേളിത്തോട് പാലത്തിന്റെയും, കുറുമാലി തൊട്ടിപ്പാൾ മുളങ്ങ് റോഡിന്റെയും നിർമ്മാണം പുരോഗതി യോഗത്തിൽ വിലയിരുത്തി. നിർമ്മാണം പൂർത്തീകരിച്ച ഉങ്ങിൻചുവട് – കടലശ്ശേരി – വല്ലച്ചിറ റോഡ് ഉദ്ഘാടനത്തിന് സജ്ജമായതായും യോഗത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. കോടാലി ജി എൽ പി എസ്, മൂപ്ലിയം എച്ച്.എസ്.എസ്, അളഗപ്പ എച്ച്.എസ്.എസ് തുടങ്ങിയ വിദ്യാലയങ്ങളിലെ നിർമ്മാണ പ്രവർത്തികളും അവലോകന യോഗത്തിൽ വിലയിരുത്തി. കച്ചേരി കടവ് പാലം അപ്പ്രോച്ച് റോഡിന്റെ നിർമ്മാണത്തിനായി മരങ്ങൾ മുറിച്ചുമാറ്റുന്നത് ഉൾപ്പെടെയുള്ള വനംവകുപ്പിന്റെ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗത്തിൽ എംഎൽഎ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ എല്ലാ വികസനപ്രവർത്തികളും സമയബന്ധിതമായി പൂർത്തീകരിക്കുന്നത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ നിർദേശിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് മാരായ ഇ.കെ അനൂപ്,അശ്വതി വിബി,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, മണ്ഡലം മോഡൽ ഓഫീസർ ആർ ശേഖർ എന്നിവർ പങ്കെടുത്തു.