January 30, 2026

ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കും: ഡോ. ആർ ബിന്ദു

Share this News
ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കും: ഡോ. ആർ ബിന്ദു

നവകേരള സൃഷ്ടിക്കായി ജനപക്ഷ വൈഞ്ജാനിക സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള നടപടിയാണ് സംസ്ഥാന ഗവൺമെന്റ് സ്വീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തീകരിച്ച ഇ.എം.എസ് ഹാളിന്റെയും ഇതര പദ്ധതികളുടെ ഉദ്ഘാടനം കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വാർഷിക ബജറ്റിൽ ആയിരം കോടി രൂപ അനുവദിക്കുന്ന സംസ്ഥാനമാണ് കേരളം. അടിസ്ഥാന സൗകര്യവികസനവും അക്കാദമിക മേഖലയുടെ വിപുലീകരണവും ഉന്നത വിദ്യാഭ്യാസ രംഗത്ത് വേഗത്തിൽ നടക്കുകയാണ്.മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് രാജ്യത്തെ ആദ്യ പത്ത് സർവകലാശാലകളിൽ കേരള സർവകലാശാല എത്തുക എന്നതാണ് ലക്ഷ്യം. എ പ്ലസ് പ്ലസ് ഗ്രേഡും എൻ.ഡി.ആർ.എഫ് റാങ്കിങ്ങിലെ മുന്നേറ്റവും നടത്തിയ കേരള സർവകലാശാല മികച്ച മാതൃകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസടക്കമുള്ള പുത്തൻ മേഖലകളെയടക്കം ഉൾപ്പെടുത്തി ഗവേഷണ മേഖലയെ വിപുലീകരിക്കുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ പുരോഗമന മുന്നേറ്റവും, സാമ്പത്തിക വളർച്ചയും സാധ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായ മുന്നേറ്റം സമൂഹിക പുരോഗതിക്ക് ഗതിവേഗം പകരുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അഭിപ്രായപ്പെട്ടു. കേരള സർവകലാശാലയുടെ മാറ്റത്തിന്റെ മികച്ച ഉദാഹരണമാണ് കാര്യവട്ടം ക്യാമ്പസിലെ വിവിധ പദ്ധതികളുടെ വിജയകരമായ പൂർത്തീകരണമെന്ന് സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സർവകലാശാല അനുവദിക്കുന്ന ഒരേക്കർ സ്ഥലത്ത് സുഗതകുമാരി സ്മാരകം നിർമിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച ഇ.എം.എസ് ഹാൾ, ട്രാൻസലേഷണൽ റിസർച്ച് ആന്റ് ഇന്നൊവേഷൻ സെന്റർ (TRIC-KU), ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി ഇന്റർനാഷണൽ സെന്റർ ഫോർ സ്റ്റഡി ആന്റ് റിസർച്ച്, എ.ആർ രാജരാജവർമ്മ ട്രാൻസിലേഷൻ സ്റ്റഡിസെന്റർ എന്നിവയുടെ ഉദ്ഘാടനം മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. ഫിസിക്‌സ് പഠനവകുപ്പിന്റെ മൈക്രോവേവ് മെറ്റീരിയൽ ലബോറട്ടറി കെട്ടിട ഉദ്ഘാടനം, അയ്യപ്പണിക്കർ സ്മാരക ഫോറിൻ ലാംഗ്വേജസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എന്നിവയും മന്ത്രി നിർവഹിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!