April 23, 2025

ഓൺലൈൻ മീൻ മാർക്കറ്റിന് മറവിൽ മയക്ക് മരുന്ന് വിൽപ്പന നടത്തി വന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

Share this News

ഓൺലൈൻ മീൻ മാർക്കറ്റിന് മറവിൽ മയക്ക് മരുന്ന് വിൽപ്പന നടത്തി വന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

കൊച്ചിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽ ഓൺലൈൻ ഓർഡർ അനുസരിച്ച് മൽസ്യങ്ങൾ എത്തിച്ച് നൽകുന്നതിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന നടത്തി വന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.കണയന്നൂർ നടമ സ്വദേശി മിലൻ ജോസഫ് (29 വയസ്സ്) ആണ് എറണാകുളം ടൗൺ നോർത്ത് എക്സൈസിന്റെ പിടിയിലായത്. ഉപഭോക്താക്കളുടെ ഇടയിൽ ഇയാൾ “ചൂണ്ട സുനി ” എന്നാണ് അറിയപ്പെട്ടിരുന്നത്. വിൽപ്പനക്കായി ചെറു പൊതികളിൽ സൂക്ഷിച്ചിരുന്ന 2.21 ഗ്രാം MDMA ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു.
കൊച്ചിയിൽ നിന്ന് ബൈക്ക് റൈഡിംഗ് എന്ന വ്യാജേന ബാംഗ്ലൂരിൽ പോയി അവിടെ നിന്ന് വൻതോതിൽ രാസലഹരി കടത്തികൊണ്ട് വന്ന് എറണാകുളം ടൗൺ പരിസരങ്ങളിൽ വിൽപ്പന നടത്തി വരുകയായിരുന്നു ഇയാൾ. ഇടനിലക്കാർ ഇല്ലാതെ നേരിട്ട് എത്തിക്കുന്ന ” യെല്ലോ മെത്ത് ” ഗ്രാമിന് ₹ 4000/- മുതൽ 6000/- രൂപ വരെ നിരക്കിലായിരുന്നു വിറ്റഴിച്ചിരുന്നത്. മൽസ്യവിൽപ്പന രംഗത്തേക്ക് കൂടുതൽ ആളുകൾ കടന്നു വന്നതിനാൽ ഈ മേഖലയിൽ കച്ചവടം കുറഞ്ഞപ്പോഴാണ് മയക്ക് മരുന്ന് വിൽപ്പനയിലേക്ക് തിരിഞ്ഞത് എന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി.
ഇടപ്പള്ളി – കൂനംതൈ ഭാഗങ്ങളിൽ മൽസ്യ വില്പനയുടെ മറവിൽ ഒരാൾ വൈകുന്നേരങ്ങളിൽ യുവതി യുവാക്കൾക്ക് രാസലഹരി എത്തിക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് അസ്സി. കമ്മീഷണർ ബി.ടെനിമോന്റെ മേൽനോട്ടത്തിലുള്ള സംഘം ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇടപ്പള്ളി ഓവർ ബ്രിഡ്ജിന് പടിഞ്ഞാറ് വശം മയക്ക് മരുന്ന് കൈമാറുന്നതിനായി ആവശ്യക്കാരെ കാത്തു നിന്ന ഇയാളെ എക്സൈസ് സംഘം വളയുകയായിരുന്നു. പിടികൂടുമെന്ന് ഉറപ്പായപ്പോൾ മയക്ക്മരുന്ന് അടങ്ങിയ പാക്കറ്റുകൾ ഇയാൾ വിഴുങ്ങാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ബാബു, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ എൻ.ജി.അജിത്ത് കുമാർ, വിബിൻ ബാബു, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ.ഡി. ടോമി, സി.ഇ.ഒ ബിബിൻ ബോസ്, ദീപു തോമസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!