സംസ്ഥാനത്തെ മികച്ച കളക്ടറായി എ. ഗീതയും സബ്കളക്ടറായി ആർ. ശ്രീലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു
സംസ്ഥാനസർക്കാരിന്റെ റവന്യൂ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ചരിത്രനേട്ടത്തിൽ തിളങ്ങി വയനാട്. പ്രധാന പുരസ്കാരങ്ങളെല്ലാം ഒന്നൊഴിയാതെ വയനാട് ജില്ല നേടി. കളക്ടർ എ. ഗീത സംസ്ഥാനത്തെ മികച്ച കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മി മികച്ച സബ് കളക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. വയനാട് കളക്ടറേറ്റാണ് സംസ്ഥാനത്തെ മികച്ച കളക്ടറേറ്റ് ഓഫീസ്. മാനന്തവാടി സബ് കളക്ടർ ഓഫീസാണ് സംസ്ഥാനത്തെ മികച്ച റവന്യൂ ഡിവിഷണൽ ഓഫീസ്.
ഏറ്റവും മികച്ച നാല് അവാർഡുകളിൽ ഒന്നാമതെത്തിയ വയനാട് ജില്ലയുടേത് സമാനതകളിലാത്ത നേട്ടമായി. റവന്യൂ വകുപ്പ് മന്ത്രി കെ. രാജനാണ് തിരുവനന്തപുരത്ത് അവാർഡ് പ്രഖ്യാപനം നടത്തിയത്. റവന്യൂവകുപ്പിൽ തഹസിൽദാർമുതൽ കളക്ടർവരെ സംസ്ഥാന അടിസ്ഥാനത്തിലും മൂന്നു വില്ലേജ് ഓഫിസർമാർക്കുവീതം ജില്ലാ അടിസ്ഥാനത്തിലുമാണ് അവാർഡ് പ്രഖ്യാപിച്ചത്. ജില്ലാതലത്തിൽ മികച്ച വില്ലേജ് ഓഫീസിനും അവാർഡുണ്ട്.
പുല്പള്ളി വില്ലേജ് ഓഫീസാണ് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ്. മികച്ച വില്ലേജ് ഓഫീസർമാർക്കുള്ള പുരസ്കാരത്തിന് ജില്ലയിൽനിന്നും കെ.പി. സാലിമോൾ (പുല്പള്ളി), കെ.എസ്. ജയരാജ് (നല്ലൂർനാട്), എം.വി. മാത്യു (നടവയൽ) എന്നിവർ അർഹരായി. മാനന്തവാടി റീസർവേ സൂപ്രണ്ട് ഓഫീസിലെ ആർ. ജോയി സർവേ സൂപ്രണ്ട് വിഭാഗത്തിൽ സംസ്ഥാനതലത്തിലും അതേ ഓഫീസിലെ പി. ദീപക് സർവേയർ വിഭാഗത്തിലും അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ രാജേഷ് കരുവാൻകണ്ടി ഡ്രാഫ്റ്റ്സ്മാൻ വിഭാഗത്തിലും പുരസ്കാരത്തിന് അർഹരായി. അവാർഡുകൾ 24-ന് കൊല്ലത്ത് നടക്കുന്ന സംസ്ഥാന റവന്യൂദിനാചരണ ചടങ്ങിൽ വിതരണംചെയ്യും.