പീച്ചി കനാൽ വെള്ളം ഉടൻ തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാക്കൾ ഇറിഗേഷൻ ഉദ്യോഗസ്ഥരെ നേരിൽകണ്ട് നിവേദനം നൽകി.
പട്ടിക്കാട് കനത്ത വേനൽ ആരംഭിച്ച സാഹചര്യത്തിൽ
പീച്ചി വലതുകര, ഇടതുകര കനാലുകളിലൂടെ വെള്ളം തുറന്നു വിടണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ സി അഭിലാഷിന്റെ നേതൃത്വത്തിൽ പീച്ചി ഇറിഗേഷൻ ഓഫീസിലെത്തി അധികൃതർക്ക് നിവേദനം നൽകിയത്. വേനൽ രൂക്ഷമാകാൻ തുടങ്ങിയതോടെ കൃഷി ആവശ്യങ്ങൾക്ക് വെള്ളം കിട്ടാതെ കർഷകർ പ്രതിസന്ധിയിലാണ്. കൃഷിക്ക് വെള്ളം എത്തിക്കേണ്ട സമയമായിട്ടും കനാലുകളിലൂടെ വെള്ളം തുറന്നു വിടാത്തതിന് പിന്നിൽ അധികൃതരുടെ അലംഭാവമുണ്ടെന്ന് സംശയിക്കുന്നതായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.സി അഭിലാഷ് പറഞ്ഞു. കനാൽ വെള്ളത്തെ നേരിട്ട് ആശ്രയിക്കുന്നവർ മാത്രമല്ല, നാട്ടിലുള്ള മുഴുവൻ കർഷകരും ജലക്ഷാമത്തിന്റെ പിടിയിലാണ്. കനാലിലൂടെ വെള്ളം വിട്ടെങ്കിൽ മാത്രമേ നാട്ടിലെ കിണറുകൾ, കുളങ്ങൾ തുടങ്ങിയ ജലസ്രോതസ്സുകൾ റീചാർജ് ചെയ്യപ്പെടൂ. അതുകൊണ്ട് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ജലസേചനം നടത്തുന്ന കർഷകർക്കും കനാൽ വെള്ളം തുറന്നു വിടേണ്ടത് അത്യാവശ്യമാണ് എന്നും കെ സി അഭിലാഷ് പറഞ്ഞു. കനാൽ വെള്ളം തുറന്നു വിടാൻ ഇറിഗേഷൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുള്ളത്.കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സജി താന്നിക്കൽ, നേതാക്കളായ ഷിബു പോൾ, സി.ഡി ആന്റണി, കെ.എം. പൗലോസ്, തങ്കായി കുര്യൻ എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു