
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിന് കൈറ്റ് തൃശൂർ ജില്ലാ കേന്ദ്രത്തിൽ തുടക്കമായി.
നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഐ.ഒ.ടി., ത്രിഡി മോഡലിംഗ് തുടങ്ങിയവയിൽ സ്കൂൾ വിദ്യാർത്ഥികൾ പരിശീലനം നേടുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിന് കൈറ്റ് തൃശൂർ ജില്ലാ കേന്ദ്രത്തിൽ തുടക്കമായി. റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് മുഴുവൻ ഹൈസ്ക്കൂൾ – ഹയർ സെക്കന്ററി കുട്ടികൾക്കും അടുത്ത വർഷം പരിശീലനം നൽകുന്നതോടൊപ്പം പൊതുജനങ്ങൾക്കായി വിപുലമായ ഡിജിറ്റൽ മീഡിയാ ലിറ്ററസി പരിപാടിയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി നടപ്പാക്കുമെന്ന് ക്യാമ്പ് ഓൺലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു. ഇതിനായി ജില്ലയിലെ സ്കൂളുകളിൽ ലഭ്യമായ 774 റോബോട്ടിക്സ് കിറ്റുകൾ പ്രയോജനപ്പെടുത്തും. അതുപോലെ ജില്ലയിൽ 23169 രക്ഷിതാക്കൾക്ക് നൂതന സാങ്കേതിക വിദ്യകൾ, സൈബർ സുരക്ഷ, വ്യാജ വാർത്തകളെ തിരിച്ചറിയലും പ്രതിരോധിക്കലും തുടങ്ങിയ മേഖലകളിൽ വിജയകരമായി നടത്തിയ പരിശീലനത്തിന്റെ അനുഭവം ഉൾക്കൊണ്ടാണ് ഡിജിറ്റൽ മീഡിയ ലിറ്ററസി പരിപാടി ലിറ്റിൽ കൈറ്റ്സിലൂടെ നടപ്പാക്കുക.
ആൻഡ്രോയ്ഡ് മൊബൈൽ ആപ് നിർമാണം, ചേയ്സർ എൽ.ഇ.ഡി., സ്മാർട്ട് ഡോർബെൽ, ആട്ടോമാറ്റിക് ലെവൽ ക്രോസ്, ലൈറ്റ് ട്രാക്കിംഗ് സോളാർ പാനൽ, മാജിക് ലൈറ്റ് തുടങ്ങിയവയുടെ നിർമാണവും വിവിധ ആവശ്യങ്ങൾക്ക് ഐ.ഒ.ടി. ഉപകരണങ്ങൾ തയ്യാറാക്കലും ക്യാമ്പിന്റെ ഭാഗമായി നടക്കും. രൂപം കമ്പ്യൂട്ടറിൽ സൃഷ്ടിക്കുന്ന പരിശീലനവും ക്യാമ്പിലുണ്ട്. ത്രിഡി അനിമേഷൻ വസ്തുക്കളുടെ ത്രിമാന സോഫ്റ്റ് വെയർറായ ബ്ലെൻഡർ ഉൾപ്പെടെ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരിശീലനം.
ജില്ലയിലെ 238 പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ടർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 5537 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ നിന്നും 1336 പേർ സബ്ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്തിരുന്നു. ഇവരിൽ നിന്നും തെരഞ്ഞെടുത്ത 86 കുട്ടികളാണ് ഞായറാഴ്ച സമാപിക്കുന്ന ദ്വിദിന സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്നതെന്ന് തൃശൂർ കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ അഷ്റഫ് ഏം. അറിയിച്ചു. ജില്ലാ ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
