
സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലുടെ മാത്രമേ സ്ത്രീ ശാക്തീകരണം യാഥാർത്ഥ്യമാകൂവെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ.സാധാരണ സ്ത്രീകൾക്ക് ഇത് നേടിയെടുക്കാൻ കഴിയുന്നത് തൊഴിലുറപ്പ് പോലെയുള്ള സംരംഭങ്ങളിലൂടെയാണെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഒല്ലൂക്കര ബ്ലോക്കിലെ എസ് ടി പദ്ധതികളുടെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു കലക്ടർ.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പട്ടികവർഗ കോളനികളുടെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പിന്റെ ആത്മ പദ്ധതി, ജനകീയാസൂത്രണ പദ്ധതി, വിവിധ വകുപ്പുകളുടെ സേവനം എന്നിവ പ്രയോജനപ്പെടുത്തിയാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്.
ചടങ്ങിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ തൊഴിലെടുക്കുന്ന 50 വയസ്സിന് താഴെയുള്ള തൊഴിലാളികൾക്കായി ‘മികവ്’ വൈദഗ്ധ്യ പരിശീലനം, കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി പച്ചക്കറി കൃഷിക്കാവശ്യമായ വിത്തും വളവും വിതരണം ചെയ്യൽ, പച്ചക്കറി കൃഷി പരിശീലനം, കോളനിയിലെ യുവതി -യുവാക്കൾക്കായി പി എസ് സി വൺടൈം രജിസ്ട്രേഷൻ ക്യാമ്പ് എന്നിവയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ മികച്ച പട്ടികജാതി കർഷകനുള്ള അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.


പച്ചക്കറി വിത്തും വളവും ചട്ടിയും വിതരണ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു
പി എസ് സി വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണിയൻ കിണർ എസ് ടി കോളനിയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പ്രസിഡന്റ്
കെ ആർ രവി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ബൈജു , ഒല്ലൂക്കര ബ്ലോക്ക് ജോയിന്റ് ബിഡിഒ കെ ജെ ഉണ്ണി, ആത്മ പ്രൊജക്ട് ഡയറക്ടർ സി എ ഹയറുന്നിസ, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എസ് ബാബു, ബ്ലോക്ക് ഡിവിഷൻ മെമ്പർ രമ്യ രാജേഷ്,
കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി സി സത്യ വർമ്മ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ whatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0






