പീച്ചി ഡാം തുറന്നുണ്ടായ പ്രളയം; മാനേജ്‌മെന്റിൻ്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്
പീച്ചി ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണ് പ്രളയത്തിന് കാരണമായതെന്ന പോലീസ് അന്വേഷണ റിപ്പോർട്ട് പുറത്തു വന്നു. ഉദ്യോഗസ്ഥർ ദീർഘവീക്ഷണത്തോടെ സ്പിൽവേ ഷട്ടറുകൾ സമയബന്ധിതമായി ഉയർത്തി വെള്ളം വിട്ടിരുന്നെങ്കിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ കൂടുതൽ ജലം ഒഴുക്കിവിടേണ്ട സാഹചര്യം ഒഴിവാക്കാനും നാശനഷ്ടങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളും കുറയ്ക്കാനും കഴിയുമായിരുന്നു. സ്പിൽവേ ഷട്ടറുകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് പാകപ്പിഴകൾ സംഭവിച്ചതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ സംബന്ധിച്ച് പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പീച്ചി ഡാം മാനേജ്‌മെന്റിൽ ഗുരുതരമായ വീഴ്ച ഉണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഡി.ജി.പിയ്ക്കും പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പീച്ചി പോലിസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ നടത്തിയ അന്വേഷണത്തിലാണ് പീച്ചിഡാം മാനേജ്‌മെന്റിൽ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയത്.
ഷാജി കോടങ്കണ്ടത്ത് ജില്ലാ കളക്ടർക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ സബ്ബ് കളക്ടർ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിലും ഉദ്യോഗസ്ഥരുടെ വീഴ്ചയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ശുപാർശ ചെയ്തും നഷ്ടപരിഹാരം നൽകണം എന്ന് ആവശ്യപ്പെട്ടും ജില്ലാ കളക്ടർ സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടില്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കോടങ്കണ്ടത്ത് നൽകിയ ഹർജിയിൽ ഉദ്യോഗസ്ഥരോടും സർക്കാരിനോടും കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയുടെ മണ്ഡലത്തിൽ ഡാം മാനേജ്‌മെന്റിലെ ഗുരുതരമായ വീഴ്ചയെ തുടർന്നുണ്ടായ പ്രളയംമൂലം കഷ്ടനഷ്ടങ്ങൾ വന്നവർക്ക് ധനസഹായം നൽകാതിരിക്കുന്നതിൽ പ്രതിഷേധിക്കുന്നതായി കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് പറഞ്ഞു.