പുത്തൂർ ഗ്രാമ പഞ്ചായത്തിലെ മരോട്ടിച്ചാൽ
കെ സ്റ്റോർ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു
ഒല്ലൂരിൽ സഞ്ചരിക്കുന്ന റേഷൻ കട ഉടൻ നടപ്പിലാക്കും
എംഎൽഎ ഫണ്ട് ഉപയോഗിച്ച് സഞ്ചരിക്കുന്ന റേഷൻ കട ഒല്ലൂർ നിയോജക മണ്ഡലത്തിൽ ഉടൻ നടപ്പിലാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പുത്തൂർ ഗ്രാമ പഞ്ചായത്തിലെ മരോട്ടിച്ചാൽ
കെ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .
എംഎൽഎ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുക.
റേഷൻ കടയ്ക്ക് സമാനമായി
പ്രത്യേക ട്രക്ക് ഒരുക്കി അവശ്യസാധനങ്ങൾ സഞ്ചരിക്കുന്ന വാഹനത്തിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വിലക്കയറ്റത്തെ തടഞ്ഞു നിർത്തുക, ആവശ്യ സാധനങ്ങൾ തടസ്സങ്ങൾ ഇല്ലാതെ വിതരണം ചെയ്യുക, ഒപ്പം പദ്ധതി, ആദിവാസി ഊരുകളിലേക്കുള്ള സഞ്ചരിക്കുന്ന റേഷൻ കടകൾ,തുടങ്ങിയ നിരവധി ചുമതലകൾക്കൊപ്പം സിവിൽ സപ്ലൈസ് ഏറ്റെടുക്കുന്ന വലിയ ചുമതലയാണ് കെ സ്റ്റോർ എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം ആയിരത്തോളം കെ സ്റ്റോറുകളാണ് സർക്കാരിൻറെ ലക്ഷ്യം.
ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി സാബു, വാർഡ് മെമ്പർ ടി എ അരോഷ്, ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.