പട്ടിക്കാട് ഗവ. എല്‍പി സ്‌കൂളിൽ ഓണസമ്മാനവുമായി കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ
തങ്ങള്‍ക്കുള്ള ഓണസമ്മാനവുമായി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ നേരിട്ടെത്തിയപ്പോള്‍ പട്ടിക്കാട് ഗവ. എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് വലിയ സന്തോഷം. മുറ്റത്ത് പൂക്കളമിട്ട് കാത്തിരുന്ന കുരുന്നു വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് വലിയ സമ്മാനവുമായി എത്തിയ കലക്ടറെ അവര്‍ പൂക്കള്‍ നല്‍കി സ്വീകരിച്ചു. സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ്‌റൂം ഒരുക്കുന്നതിനായി 62 ഇഞ്ച് വലിപ്പമുള്ള ഇന്ററാക്ടീവ് ഫ്‌ളാറ്റ് പാനലുമായാണ് ജില്ലാ കലക്ടര്‍ സ്‌കൂളിലെത്തിയത്. കലക്ടറുടെ ഓണസമ്മാനം സ്‌കൂള്‍ അധ്യാപകരും കുട്ടികളും ചേര്‍ന്ന് ഏറ്റുവാങ്ങി.
കുട്ടികള്‍ക്ക് പഠനം കൂടുതല്‍ എളുപ്പവും ആസ്വാദ്യകരവുമാക്കാന്‍ മികച്ച സാങ്കേതികവിദ്യയില്‍ തയ്യാറാക്കിയ ഈ സ്മാര്‍ട്ട് സംവിധാനം ഉപകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കും ക്ലാസ്സുകളുടെ ലൈവ് സ്ട്രീമിംഗിനുമുള്ള സൗകര്യങ്ങള്‍ അടങ്ങിയതാണ് സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനല്‍. വിവിധ മേഖലയിലെ വിദഗ്ധരുമായി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ആശയ വിനിമയം നടത്താനും ഇതുപകരിക്കും. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ ഉള്ളടക്കങ്ങള്‍ സൂം ചെയ്ത് കാണാനും വൈറ്റ് ബോര്‍ഡായി ഉപയോഗിക്കാനും സാധിക്കും.
സ്‌കൂളിലെ എല്ലാ ക്ലാസ്സുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഇടവിട്ട സമയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം സൗകര്യം പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ പൊതുവായ ഇടത്ത് ഇന്ററാക്ടീവ് പാനല്‍ സജ്ജീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ജില്ലാ കലക്ടര്‍ മടങ്ങിയത്.
ഓണം അവധി കഴിഞ്ഞ് സ്‌കൂള്‍ വീണ്ടും തുറക്കുമ്പോഴേക്ക് സ്മാര്‍ട്ട് ക്ലാസ്സ്‌റൂം പ്രവര്‍ത്തന സജ്ജമാക്കുമെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക പി എസ് ഷിനി പറഞ്ഞു. തങ്ങള്‍ക്ക് ഓണസമ്മാനമായി സ്മാര്‍ട്ട് ക്ലാസ്സ് റൂം നല്‍കിയ ജില്ലാ കലക്ടര്‍ക്ക് മനസ്സ് നിറയെ നന്ദി പറഞ്ഞാണ് കുട്ടികളും അധ്യാപകരും അദ്ദേഹത്തെ യാത്രയാക്കിയത്.
സ്‌കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, പ്രധാനാധ്യാപിക പി എസ് ഷിനി, പിടിഎ പ്രസിഡന്റ് പി പി സരുണ്‍, ഡിഡിഇ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി പി ജോഷി, അധ്യാപകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
കുട്ടികള്‍ക്കുള്ള ഓണസമ്മാനമായി ഗോത്രവര്‍ഗ മേഖലയിലെ സ്‌കൂളുകള്‍ക്കുള്‍പ്പെടെ ഇന്ററാക്ടീവ് ഫ്‌ളാറ്റ് പാനലുകള്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. വി ആര്‍ കൃഷ്ണ തേജ ജില്ലാ കലക്ടറായി ചാര്‍ജെടുത്ത സമയത്ത് ജില്ലയിലെ 15 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനലുകള്‍ സമ്മാനിച്ചിരുന്നു.