November 22, 2024

അനധികൃത മത്സ്യബന്ധനം; ചെറുമത്സ്യങ്ങളെ പിടിച്ച വള്ളത്തിന് പിഴയിട്ടു

Share this News
അനധികൃത മത്സ്യബന്ധനം; ചെറുമത്സ്യങ്ങളെ പിടിച്ച വള്ളത്തിന് പിഴയിട്ടു


മുനയ്ക്കടവ്- ചേറ്റുവ അഴിമുഖത്തിന് അഞ്ച് നോട്ടിക്കൽ മൈൽ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് പിഴ ചുമത്തി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ മത്സ്യബന്ധനത്തിന് പോയ അലീഫ എന്ന വള്ളമാണ് ചെറുമത്സ്യങ്ങൾ പിടിച്ചതിന്റെ പേരിൽ ഫിഷറീസ് – മറൈൻ എൻഫോഴ്മെൻറ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

തൃശൂർ അണ്ടത്തോട് സ്വദേശി അലിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. 10 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 350 കിലോ കുഞ്ഞി ചാള ഇനത്തിൽപ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് വരുന്നതിനിടയിലാണ് വള്ളം പിടികൂടിയത്. തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാരിലേക്ക് ഈടാക്കും. ചെറുമത്സ്യങ്ങളെ പിന്നീട് പുറം കടലിൽ നിക്ഷേപിച്ചു.

അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം എൻ സുലേഖയുടെ നേതൃത്വത്തിൽ
ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്, മറൈൻ എൻഫോഴ്സ്മെൻ്റ് അഴീക്കോട് മുനക്കടവ് കോസ്റ്റൽ പോലീസ് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തത്. എഫ്ഇഒ സി കെ മനോജ്, മറൈൻ എൻഫോഴ്സ് ഓഫീസർമാരായ വി എൻ പ്രശാന്ത് കുമാർ, ഇ ആർ ഷിനിൽ കുമാർ, മുനയ്ക്കടവ് കോസ്റ്റൽ സി പി ഒ മാരായ വികാസ്, നിബിൻ, ലൈഫ് ഗാർഡുമാരായ കെ എസ് കൃഷ്ണപ്രസാദ്, വി എ വിപിൻ, ഹുസൈൻ, നിഷാദ്, സ്രാങ്കുമാരായ റസാക്ക്, റഷീദ്, ഡ്രൈവർ കെ എം അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്.

അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും വരുദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻററുകളിലും സ്പെഷൽ ടാസ്ക് സ്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്ന് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അനിത അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!