അതിരപ്പിള്ളി ഗോത്രവര്‍ഗ ഉല്‍പ്പന്നങ്ങള്‍ ഇനി പുതിയ ബ്രാന്റില്‍; സെന്‍ട്രല്‍ പ്രൊസസിംഗ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി
അതിരപ്പിള്ളി പഞ്ചായത്തില്‍ നടപ്പിലാക്കിവരുന്ന ട്രൈബല്‍വാലി കാര്‍ഷിക പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ആദിവാസി വിഭാഗത്തിന്റെ കാര്‍ഷിക ഉത്പ്പന്നങ്ങളും വനവിഭവങ്ങളും സംസ്‌ക്കരിക്കുന്നതിനും അവയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി അതിരപ്പിള്ളി വെറ്റിലപ്പാറയിലെ ചിക്ലായിയില്‍ ആരംഭിച്ച സെന്‍ട്രല്‍ പ്രൊസസിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ കൃഷി ചെയ്യുന്ന കുരുമുളക്, കാപ്പി, മഞ്ഞക്കൂവ, തേന്‍, നെല്ല് തുടങ്ങിയ ഉത്പ്പന്നങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും അവയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുമായാണ് 1.23 കോടി രൂപ ചെലവില്‍ പ്രൊസസിംഗ് യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഇവ അതിരപ്പിള്ളി എന്ന ബ്രാന്റ് നാമത്തില്‍ മനോഹരമായ പാക്കേജിലാണ് വിപണയിലെത്തിക്കുക. കൃഷി പ്രോത്സാഹനം മുതല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം വരെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി അതിരപ്പിള്ളി വാലി ഫാമേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിക്ക് രൂപം നല്‍കിയിട്ടുണ്ട്.
കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച കേരള ഗ്രോ ബ്രാന്റിന് കീഴില്‍ അതിരപ്പിള്ളി ട്രൈബല്‍വാലി ഉത്പ്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇവയുടെ വിപണന സാധ്യത മെച്ചപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ അതിരപ്പിള്ളി ബ്രാന്റ് ഉത്പ്പന്നങ്ങളുടെ വിപണന യൂനിറ്റുകള്‍ തുടങ്ങും. ഓണ്‍ലൈനിലും ഇവയുടെ വില്‍പ്പനയ്ക്ക് വഴിയൊരുക്കും.
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 7.91 കോടി ചെലവില്‍ നടപ്പിലാക്കുന്ന അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതിയിലൂടെ ആദിവാസി വിഭാഗങ്ങളുടെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഊരുകള്‍ കേന്ദ്രീകരിച്ച് 14 ക്ലസ്റ്ററുകള്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. ഈ ക്ലസ്റ്ററുകളെ കൃഷിക്കൂട്ടങ്ങളായി അംഗീകരിക്കും. അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതി രണ്ട് വര്‍ഷം കൂടി തുടരുമെന്നും മന്ത്രി അറിയിച്ചു.
പരമ്പരാഗത വിത്തിനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച നാല് വനിതാ നഴ്‌സറികള്‍ കാഴ്ചവച്ച മികച്ച പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഇതിനകം രണ്ട് ലക്ഷം നടീല്‍ വസ്തുക്കള്‍ ഉത്പ്പാദിപ്പിക്കുക വഴി 25 ലക്ഷം രൂപയുടെ വരുമാനം ഇവ കൈവരിച്ചതായി മന്ത്രി പറഞ്ഞു. മേഖലയിലെ മുഴുവന്‍ കൃഷിയിടങ്ങള്‍ക്കും ജൈവകൃഷി സാക്ഷ്യപത്രമായ പിജിഎസ് ഓര്‍ഗാനിക്ക് സര്‍ട്ടിഫിക്കേഷനും റെയ്ന്‍ ഫോറസ്റ്റ് അലയന്‍സ് സര്‍ട്ടിഫിക്കേഷനും ലഭിച്ചത് മികച്ച നേട്ടമാണ്. തെക്കേ ഇന്ത്യയില്‍ ആദിവാസി കര്‍ഷക കൂട്ടായ്മയ്ക്ക് ആദ്യമായാണ് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മേഖലയിലെ വന്യമൃഗ ശല്യം തടയുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, കാര്‍ഷിക ഉത്പാദക കമ്മീഷണര്‍ ഡോ. ബി അശോക്, കെഎല്‍ഡിസി ചെയര്‍മാന്‍ പി വി സത്യനേശന്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജന്‍, വൈസ് പ്രസിഡന്റ് സൗമിനി മണിലാല്‍, ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാന്റി ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ കെ കെ റിജേഷ്, അഷിത രമേശ്, സരസ്വതി വിജയാനന്ദന്‍, പഞ്ചായത്ത് അംഗം സി സി കൃഷ്ണന്‍, കൃഷി അഡീഷനല്‍ ഡയരക്ടര്‍ ജോര്‍ജ് സെബാസ്റ്റിയന്‍, ഡെപ്യൂട്ടി ഡയരക്ടര്‍ സൂസമ്മ ജോര്‍ജ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മീന മാത്യു, ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രതിനിധികള്‍, ഊരുമൂപ്പന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.